Friday, 6 December 2013

നൂറ്

കിളിമരച്ചില്ലയിലെ കുരുവിപ്പെണ്ണിനേ
കണ്ണീരൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
പാരാവാരം പറഞ്ഞും ദീര്‍ഘനിശ്വാസമുതിര്‍ത്തും
അതിങ്ങനെ പിറുപിറുത്തോണ്ടിരുന്നു.

വെയിലത്തിരുന്നു പാടീട്ടല്ലെ ഞാന്‍ കറുത്തുപോയത്.
പാടീട്ടും പാടീട്ടും തൊണ്ട പൊട്ടാത്തതാരുടെകുറ്റം?
എന്‍റെ കെട്ട്യോനും കുട്ട്യോളും കൂട്ടുകാരും
വെയിലിലലഞ്ഞുപാടിപ്പാടി കറുകറുത്ത കുരുവിയായി.

ജനിച്ചപ്പോള്‍ വെളുവെളുത്ത മുട്ടയായിരുന്നു.
പിന്നെയാരോ മുട്ടപൊട്ടിച്ചു കറുപ്പ്തേച്ചുകുളിപ്പിച്ചു.
കറുപ്പിനേഴഴകെന്നു പാടിപ്പഠിപ്പിച്ചു.

ബാക്കി തൊണ്ണൂറ്റിമൂന്നാര്‍ക്കുള്ളതെന്ന്
കൊക്കാമ്മ പരിഹാസപ്പെട്ടിതുറന്നുവച്ചു.

അമ്മക്കുരുവി തലോടിക്കൊണ്ടുപറഞ്ഞു.
കറുപ്പിനെഴേയുള്ളെങ്കിലും പാട്ടിനു നൂറുണ്ടല്ലോ.

അഹം

ആഭൌമ സുഖദം വാല്‍സല്യം
വന്ദേഹമിഹ വാല്‍സല്യം

ധ്യാനാത്മകം ലോകമിത് ധന്യം
പൂര്‍ണ്ണം പുരുഷം വന്ദേഹം

അഹമിഹ സര്‍വം വ്യപൃതം
അഹമിഹ പരമാത്മാനം
പരമാത്മാനം വന്ദേഹം.

ഘനമിഹ നാസ്തിയാകുമീദേഹം
അഹമിഹ നാസ്തിയെന്നോര്‍ത്തീടില്‍.

പഞ്ചഭൂതാത്മകം ദേഹം
പഞ്ചഭൂതം സമര്‍പ്പയാമി.

ബ്രഹ്മമയമാത്മാംശം പര-
മാത്മചൈതന്യം സമര്‍പ്പയാമി.

ആത്മാഭിമാനമഹംബോധോത്ഭൂതം
അഹമിഹ ന: ത്വമിഹ ന:

........................................
മുഖപടങ്ങള്‍ വലിച്ചെറിഞ്ഞീടില്‍
അഭിമാനി ദുരഭിമാനിയാകുന്നകാണാം
ദുരഭിമാനമഹംബോധത്തിന്‍ ശേഷിപത്രം.

............................................................................

ചൂണ്ട

മത്സ്യത്തിന്റെ ഞെവിളയില്‍
വളഞ്ഞുകൊരുത്തൊരാ
ചൂണ്ടതന്‍ കമ്പിക്കൈ
പുലമ്പുന്നു പുരാവൃത്തം.

മുക്കുവപ്പയ്യനെന്നഗ്രം
വളച്ചൊരു ചെറുമീനെ
കോര്‍ത്തിട്ടു കായലിന്‍ നടുവില്‍.

തുള്ളിക്കളിച്ചുകൊണ്ടോടി
വരുന്നുണ്ട് ചെറുതും
വലുതുമായ് മീനുകളൊരുകൂട്ടം.

കൂട്ടത്തില്‍ കേമനോട്ടത്തി-
ലൊന്നാമനായ് വായ്-
തുറന്നാര്‍ത്തുചിരിച്ചുംകൊണ്ടേ

അവനുടെ പെണ്ണുങ്ങള്‍
കുഞ്ഞുങ്ങളും പിന്നാലെയെത്തുന്നു.
കൊതിയോടെ നോക്കുന്നു.

വാലാട്ടി പിറകോട്ടു നോക്കുന്നു
പുഞ്ചിരി തൂകുന്നു നില്ലുനി-
ല്ലിനിയിങ്ങോട്ടോടിടല്ലേ.

ജീവനില്ലാത്തൊരീയിര-
യൊരുവേള കെണിയായിടാം.
ദുഷ്ടുള്ളോരല്ലയോമാനവജാതികള്‍
പൊയ്യേതുമുണ്ടെങ്കില്‍.. . . .,
നോക്കിടാം ഞാന്‍..

നിങ്ങളീയബ്ധിയില്‍ വാഴുവി-
നേറെക്കാലമെത്തിപ്പെടൊല്ലേ
മാനവബാഹുവില്‍.

അമ്മപെങ്ങന്മാരെയു-
മോമനക്കുഞ്ഞിനെയും
കണ്ടാലറിയില്ലീ മാനവജാതികള്‍
പിന്നെയല്ലോ ജലവാസികള്‍ നമ്മള്‍

ഏതിനും നോക്കട്ടെ
ഞാനിന്നീയിരയെ
ജീവനില്ലാത്തൊരീചെറുമീനിനെ

എന്‍ ഞെവിളയിലുടക്കി
കൊരുത്തു കേറുമീ
വളഞ്ഞ കമ്പിയെ കണ്ടറിഞ്ഞീടുവിന്‍

എന്‍ കുഞ്ഞുമക്കളെയെന്‍
പെണ്‍പിറന്നോരെ-
ഞാനിതു ചെയ്തില്ലേല്‍
നാളെ നിങ്ങള്‍
ഇത്തരമൊരുനൂറു
ചൂണ്ടയില്‍ കുരുങ്ങീടുംനിങ്ങള്‍ക്കിതൊരു
പാഠമായിടട്ടെ.

ആഞ്ഞു പിടിച്ചിതാ കാരണവര്‍
ചൂണ്ടയില്‍ കൊരുത്തൊരു ചെറുമീനിനെ
പറ്റിപ്പോയതല്ലല്ലോ
മക്കളെ പെംപ്രന്നോരെ
രക്ഷിക്കുവാനല്ലോപിടഞ്ഞുയര്‍ന്നു.

ഉയരുംനേരമാക്കണ്ണുകള്‍നിറയുന്നു.
പരതുന്നു ചുറ്റിലും
മക്കളെ പെണ്‍പിറന്നോരെ
യാത്രയാകുന്നു ഞാന്‍.

ഒടുക്കം

പഴമ്പുരാണം പറഞ്ഞുതീര്‍ത്ത
കോടിപ്പോയ ചുണ്ടുകള്‍
ചിരിക്കാന്‍ മറന്നു.

പഴമ കണ്ടു കൊതിതീരാത്ത കണ്ണുകള്‍
പുതുമയുടെ താണ്ഡവം മടുത്തു-
തിമിരം പുതച്ചു മയങ്ങി.

പുഴുങ്ങല്ലരിയുടെയും പുതുമഴയുടെയും
ചിമ്മിനി നാളത്തിന്‍റെയും
മെതിക്കുന്ന കറ്റയുടെയും
ഉണങ്ങിയ കച്ചിയുടെയും
ഗന്ധംഏറ്റുവാങ്ങിയ നാസിക
ചാക്കരിയുടെ ഗന്ധംവഹിക്കാനറച്ചു.

കാലത്തിന്‍റെ കോലംതുള്ളല്‍
പലതും കണ്ടു , കയ്പ്പിനെ
പുളിപ്പും മധുരവുമാക്കാന്‍
ശീലിച്ച പഴമനസ്സ്,
ഒച്ചയുണ്ടാക്കാതെയാര്‍ക്കും
ശല്യമാകാതെ
ഒരുമൂലയ്ക്ക് വടിയുംകുത്തി
ചാരിയിരുന്നു.

അകലെയേതോദിക്കില്‍നിന്നും
തന്നെ തെരഞ്ഞെത്തുന്ന
അഭൌമ ശക്തിയെ
ആശ്ലേഷിക്കാന്‍ വെമ്പി.

Saturday, 16 November 2013

ലോകൈക ജീവി

മുറ്റത്തെ മുള്‍വേലിപ്പടര്‍പ്പിന്നരികെ
അത്തിപ്പഴം ചിതറിവീണു.
സന്ധ്യ മയങ്ങി വാവലുകള്‍
പറന്നെത്തി തീറ്റതുടങ്ങി.

നേരം പുലര്‍ന്നപ്പോള്‍ചെറുകിളികള്‍
ചിലച്ചും കൊണ്ടെത്തി
ചില്ലകളില്‍ മാറി മാറിപ്പറന്നിരുന്നു.
ആ ശരത്കാലം അവയ്ക്കുവേണ്ടി
പഴങ്ങള്‍ നീട്ടി.
അറിയാത്ത പറവയ്ക്ക്
വഴിതെളിക്കാനും ചെറുകിളി
മുന്നില്‍ത്തന്നെ.

കിളികള്‍ പാടിയുംനൃത്തം വച്ചും
സന്തോഷം പങ്കിട്ടു.

കാണേണ്ടതെല്ലാം ചിറകുവിടര്‍ത്തി
പറന്ന് കണ്ടു.
കേള്‍ക്കേണ്ടത് കേട്ടു.
തിണേണ്ടത് തിന്നു.
തിണേണ്ടത് മാത്രം .
വയര്‍നിറയ്ക്കാന്‍ മാത്രം

കിളികളുടെ ഒന്നാം പാഠത്തില്‍
കുഞ്ഞിക്കിളി ചുണ്ടു കൊണ്ടും
നഖം കൊണ്ടും എഴുതിക്കളിച്ചു.

കൂട്ടിനുള്ളില്‍ ചടഞ്ഞിരുന്നു
ലോകം കാണുന്ന ഏക ജീവി---മനുഷ്യന്‍
മരണവിളി കേട്ടാല്‍തിരിഞ്ഞു നോക്കാത്ത
ലോകൈക ജീവി---മനുഷ്യന്‍
വയര്‍ നിറഞ്ഞാലും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍
വിരല്‍ത്തുമ്പ്കൊണ്ട്തൊണ്ടയില്‍
തിരുകിക്കയറ്റി ച്ഛറ്ദിച്ചുപിന്നെയും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍

മൊബൈല്‍ ഫോണ്‍

മുപ്പാരുമന്നൊരു പൂതപ്പാട്ടിന്‍റെയീണംമുഴങ്ങി
കുഞ്ഞുമോനമ്മതന്നങ്കത്തില്‍നിന്നും
പൂതത്തെത്തേടിപ്പുറപ്പെട്ടു.
പുതമവന്പുതിയ മൊബൈല്‍ ഫോണ്‍സമ്മാനിച്ചു.

കുഞ്ഞുമോന്‍മതിമറന്നു
അച്ഛനുമമ്മയുംകുഞ്ഞേടത്തിയുമി-
ന്നോര്‍മ്മയില്‍പ്പോലുമില്ല.
മൊബൈല്‍ഫോണിന്‍റെ മായികലോകം
അവനെ പുതത്തില്‍ ചേര്‍ത്തു നിര്‍ത്തി

കണ്ണുകുത്തിപ്പൊട്ടിച്ചെറിഞ്ഞുകൊടുത്ത്പകരം
മകനെത്തരാന്‍ കെഞ്ചിയ അമ്മയെക്കന്ടു
പൂതം നെഞ്ച് പൊട്ടിക്കരഞ്ഞു.
കുഞ്ഞുമോനെ പോകാനനുവദിച്ചു.

താന്‍ വരില്ലെന്ന് കുഞ്ഞുമോനാണയിട്ട്ചൊല്ലി.
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയമ്മ
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയച്ഛന്‍.
പുതമാണിന്നെന്‍റെ ജീവന്‍
മൊബൈല്‍ഫോണ്‍ തന്നൊരു
പുതമാണിന്നെന്‍റെ ജീവന്‍

പൂതം പാര്‍ത്ത ഗുഹയില്‍ കടന്നവന്‍
പാതാള മാര്‍ഗത്തിലൊളിച്ചിരുന്നു.

Sunday, 10 November 2013

പ്രണയം

ആലസ്യത്തിന്‍റെ മിഴിക്കോണില്‍
പ്രണയംആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍ മണാളനെ കൂറോടെ നോക്കി.
അവനൊപ്പം ചേര്‍ന്ന്  നടന്നു.

കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി.
നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു.
കടിഞ്ഞൂല്‍കുഞ്ഞിനുജന്മ മേകി.

പ്രണയം മെല്ലെ മായുന്നുവോ?

തേന് നുകരാന്‍ കൊതിച്ചു
വണ്ടുകള്‍ കൂടുന്നുവോ?

മണാളന്ടെ കണ്ണുകളില്‍ അഗ്നിയോ?

രാഗം തെന്നിമാറുന്നുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനിതേടുന്നുവോ?

മണാളന്‍ നിന്നുകത്തി
അവന്‍ സ്വയം ചാരമായി.

ചാരത്തെനോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാക്കി.
അവനും പ്രേമം കൊണ്ടു ജ്വലിച്ചു.

കാലംകറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.

രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചുതണുപ്പിച്ചു.

ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളി നീക്കുന്നു പ്രണയം.

മാനം

മിന്നുന്ന പ്രഭാതം
മാലോകര്‍ മുടിചൂടാമന്നനെ
മടികൂടാതെ വാഴ്ത്തി,
വാഴ്കവാഴ്ക ശ്രീമാന്‍
വാഴ്ക വാഴ്ക.
മടികൂടാതെ വാഴ്ത്തിപ്പാടിയ
പെണ്ണിന്‍റെ മടിയിലവന്‍
ഇടം കണ്ണിട്ട് നോക്കി.
 മാടിയൊതുക്കിയ മുടിയിഴകളില്‍
ചന്തം തിരഞ്ഞു.

ചന്തം  പൊട്ടിയൊഴുകുന്ന-
തെവിടെനിന്നെന്നുതെരഞ്ഞു.
പെണ്ണ്‍ ഒരുകളിപ്പാവയോ?
ജീവനുള്ള
കോലമോ
പെണ്ണ്ഒരു ദേവിയെന്ന്
ഉച്ചത്തിലാര്‍ത്തിരമ്പിയ ശേഷം
അവന്‍ മടിക്കുത്തില്‍ പിടിമുറുക്കി.

പെണ്ണിന്‍റെമാനവും ജീവനും
കുത്തൊഴുക്കില്‍പ്പെട്ട്
പാതാളത്തിലേയ്ക്കാന്ടുപോയി.

Saturday, 19 October 2013

കൂജ


മദ്ധ്യം വീര്‍ത്ത കീഴും മേലുംഒതുങ്ങിയ
മണ്‍പാത്രം.
കുറേക്കാലം അതെനിക്ക് കൂജയായിരുന്നു. 
ഇപ്പോളെനിക്ക് പൂത്താലം.

ചായക്കൂട്ടുകള്‍ മാറിമാറി
പുറംമേനി തിളങ്ങി.

മാളോരുടെ മാലകറ്റാന്‍
പാനപാത്രമെന്നും
തുളുമ്പി നിന്നിരുന്നു.

അന്നവളിത്രമേല്‍സുന്ദരിയായിരുന്നില്ല.
എങ്കിലും ദാഹമകറ്റാനവളെ
വാരിയെടുത്തിരുന്നു.
അകവും പുറവും തണുപ്പ് പകര്‍ന്ന്,
തീന്‍മേശയില്‍ കണ്ണിനു കുളിരായി
......................................................
ഇന്ന് കാഴ്ച്ചയ്ക്കുമാത്രമായപ്പോള്‍

അവളുടെ അകവും പുറവും
ചുട്ടുപൊള്ളുന്നു.
ഒരിറ്റ് ദാഹനീരിനായി
നിശ്ശബ്ദം തേങ്ങുന്നു.

അവള്‍



അവള്‍ മനസ്സിലേയ്ക്കിറ്റുവീണ
വെള്ളിനക്ഷത്രം.

കിനാപ്പൂവുകള്‍ ചുംബിയ്ക്കാന്‍
കാത്തുനിന്നു.

വഴുതിയകന്ന പരല്‍മീനായി; പിന്നെ-
ചിറകു മുളച്ചു പറവയായി;
മെല്ലെ വാനിലേയ്ക്കുയര്‍ന്നു.

അങ്ങകലെ മേഘമാലകള്‍ക്കപ്പുറം
അരുണകിരണങ്ങള്‍ തിളങ്ങുന്ന
ആകാശസീമയില്‍
കൈലാസകോടിയില്‍
മഞ്ഞുറഞ്ഞതടാകത്തില്‍,
തലചായ്ച്ചു കിടന്നു.

തണുപ്പിന്‍റെ കമ്പിളികൊണ്ട്
ശരീരം പുതച്ചു.

മഞ്ഞുമഴ നിര്‍വൃതിയോടെ
അവളെ പുല്‍കിയുറങ്ങി.

Wednesday, 16 October 2013

പരസ്യം


ആരോമലാം വനമുല്ല
കുഞ്ഞാറ്റയോടൊത്തു
സ്വര്‍ഗീയ കാന്തി തേടുന്നു.

സ്വര്‍ഗീയ ശോഭ പരസ്യക്കണ്ണില്‍
നരകം പകര്‍ന്നു നിലകൊണ്ടു. 

നരകം ചായം തേച്ചുമിനുക്കി;
ദേവദാരുവായ് ചമഞ്ഞു.

നരകം താന്‍ സ്വര്‍ഗമെന്നോര്‍ത്തു-
കണ്‍മിഴിച്ചു മാനവര്‍.

സ്വര്‍നരകാദികള്‍ തൊട്ടറിഞ്ഞാ-
വിവേകിയെന്നാകിലും,
രഹസ്യമായ് പരസ്യത്തി-
ന്നവന്‍ പിന്നണിപാടിടുന്നു.

രാഗം

മനസ്സ് കണ്ണിമയ്ക്കാതെ തുഴയുന്നു.
ഓളങ്ങള്‍ പൊന്‍വെയിലില്‍
നക്ഷത്രപ്പൂക്കള്‍ വിരിയിക്കെ
തുഴയുടെ താളത്തില്‍ മനംമയങ്ങവേ
സാന്ദ്രമൌനത്തിന്‍ പൊന്‍ശലഭം
കാലം സാക്ഷിയാക്കി പറന്നീടവേ
തെരയുന്നു ഞാന്‍ഏതോ വാഗര്‍ത്ഥം

ശബ്ദമില്ലാത്തൊരാ വാക്കിന്നര്‍ഥം
ജീവിത നിഘണ്ടുവില്‍ പലവട്ടം
കണ്ടുഞാന്‍;
പിന്നെയാ വാക്കെന്‍റെജീവനില്‍
രാഗമായ് പടരുമെന്നോര്‍ത്തീലൊരിക്കലും.

മായ

കാലം തെറ്റി കടന്നുവന്ന
കിനാക്കാലം
മഞ്ഞുമഴയായും
വേനല്‍മഴയായും
ഏതോ അനുഭൂതിയില്‍ 
വിലയിക്കെ
ആത്മാവിന്‍റെ ആഴങ്ങളിലേക്കു
കത്തിപ്പടര്‍ന്ന പുഞ്ചിരി
ഒരു നിശ്വാസത്തോടൊപ്പം
ഞാനേറ്റുവാങ്ങുന്നു.

എന്‍റേതുമാത്രമായ നിമിഷങ്ങളില്‍
ഗൂഢമായൊളിപ്പിച്ച ചില്ലുപാത്രം
മനക്കണ്ണാലുഴിയുവാന്‍
പൊട്ടിത്തകരാതിരിക്കുവാന്‍
തൊട്ടുനോക്കാതെ
കാത്തുവയ്ക്കുന്നു
ഹൃദയസാനുവില്‍.

ശ്രീ നാരായണ ഗുരു


സത്യധര്‍മ്മാദികള്‍ ചാലിച്ച വേദങ്ങള്‍
വാഗ്ജാലമായി കനിഞ്ഞരുളീടിന
സുന്ദരകാവ്യസമാഹാരമേകിയ
സദ്ഗുരുശ്രേഷ്ഠ തേ നമോ നമ:

സന്ധ്യ തന്‍ സിന്ദൂര വര്‍ണങ്ങള്‍ തൂകിടും
പാവന സുന്ദര രാഗമെല്ലാം
കാവ്യത്തിന്‍ചെപ്പില്‍ പകര്‍ന്നരുളീടുന്നി-
തറിവായും കരുവായുമാനന്ദമായും.

പഞ്ചേന്ദ്രിയങ്ങള്‍തന്നാശകള്‍ പൂക്കുന്ന
ഭൌതിക മോഹത്തിന്നാവരണത്താല്‍
മതിമറന്നീടുന്നു മാനവനിന്നിതാ
മത്തരായ് മാറാതെ രക്ഷിക്കേണേ.

സദ്ഗുരുവിന്‍റെ ധര്‍മ്മോക്തികള്‍ കേട്ടിന്നു
ധന്യരായ് മാറട്ടെ മാനവ വൃന്ദം
കമ്രഫലോക്തികള്‍ കൊണ്ടി ജഗത്തെല്ലാം
സദ്ഗുണ സമ്പന്നമായിടട്ടെ.

പുതുലോകം തീര്‍ക്കുന്ന പൂതമാം മന്ത്രങ്ങ-
ളുരുവിട്ടു വാഴുന്ന ലോകമേകാന്‍
പുതു യൌവനങ്ങള്‍ക്ക് സാധ്യമായീടട്ടെ
സദ്ഗുരുവരുളുന്ന കരുണയാലെ.

ധന്യമീ ജീവിതം


സമ്മാനം



സന്ധ്യമയങ്ങി, ചേതനയും മങ്ങി,
നീലിച്ച മഷിയുണങ്ങാത്തപേനവിങ്ങി

വിശ്രമവേളകളഴകിന്റെവ കതിര്ചൂാടി
കാടന്റെയമ്പേററ പൈങ്കിളി
എങ്ങോ വീണു പിടഞ്ഞു.
ചോരവറ്റിയുണങ്ങിയദേഹത്തി-
ലുറുമ്പുകള്‍ ദാഹനീര്‍ തേടി.

കൂമന്റെയൊച്ചയുംതേടി വന്നെത്തിയ
കാട്ടരുവിയില്കേതട്ടോരാര്ത്തതനാദം
പൊന്നുപോല്‍ വളര്ത്തി യ
മക്കള്തോന്‍ സമ്മാനം
കാലനെതേടിയിറങ്ങിയൊരമ്മ
കൈ കാലിളക്കുന്നു, ജീവന്റെയൊച്ച

കരയിലെയിലച്ചാര്ത്ത്ട മിഴിച്ചുനോക്കി
യരികിലെ പുല്നാനമ്പു പകച്ചുപോയി
ഇതാണോ മഹാനാം മര്ത്ത്യ -
നിതാണോദൈവത്തിന്നുജ്ജ്വല സൃഷ്ടി

ഉപ്പ്


കടലിന്നുപ്പതിന്‍ സത്ത
ഇന്ദ്രിയസുഖത്തിനാ-
യീശ്വരന്‍ കല്പിച്ചു തന്ന
കനിവിന്റെയുറവ.

മര്ത്ത്യ ന്നുസ്നേഹമതിന്‍ സത്ത
ബന്ധങ്ങളൂട്ടിയുറപ്പിക്കാന്‍
ഈശ്വരന്സ്നേടഹസ്വരൂപമാര്ന്നുയ.

സ്നേഹങ്ങള്‍ പലവിധം
സ്നേഹത്താല്‍ മത്സരം
സ്നേഹത്താല്‍ തന്നെയാം,
ദ്വേഷവുമുണരുന്നു.

ജനനം മരണത്തിലെത്തുമ്പോള്‍
സ്നേഹംദ്വേഷത്തിലെത്തുന്നു
മധുരിക്കും സ്നേഹം
സ്വാര്ത്ഥം കൊതിക്കുമ്പോള്‍
കൈപ്പിന്റെ കടലാകുന്നു.
കൈപ്പുനീരൂറ്റിക്കുടിച്ചു
ജന്മംവിഫലമാക്കുന്നു.
മരണംമറ്റൊരുജന്മംകൊതിക്കവേ
ദ്വേഷംകൊതിക്കുന്നീല
സ്നേഹത്തിന്‍ നടനകല.

മഴ

സ്നേഹത്തിന്‍തീര്‍ഥം നദിയിലൂടൊഴുകി-
പ്പരന്നു നിമ്നമാംവീഥിയിലൂടെ
സാഗര നീലിമ തേടി,
കൈ വഴികളായ്‌ പിരി-
ഞ്ഞാര്‍ദ്രമാക്കീ തപ്തനിലങ്ങളെ
ഫലസമൃദ്ധമാക്‍കീ-
യൂഷരഭൂമിയെ. 

കുഷ്ഠ രോഗിതന്‍ മേനിയണു-
വിമുക്തമാം നിര്‍മലതയാര്‍ന്നു.

പാടിയാടിത്തിമിര്‍ത്തു-
ജന്മ കര്‍മ്മങ്ങളില്‍
സായൂജ്യം നേടി
വിശ്വ മാനവ സംസ്കാരത്തെ
നെഞ്ചേററി ലാളിച്ചും
സൂര്യ കിരണത്തെ മംഗളം ചെയ്തു,
മധുവിധുവിനാകാശത്തെയ്ക്കുയര്‍ന്നു
വെണ്‍മേഘമറപററി
രമിച്ചുനടന്നെപ്പൊഴോ
താഴേക്കു നോക്കി.

പൊള്ളുന്ന ഭൂമി,
യാചനാ ഹസ്തം നീട്ടി
മന്ത്രങ്ങളുരുവിട്ടു പയ്യിനെ-
യഗ്നിയില്‍ ഹോമിക്കിന്നു.
വിണ്ണിനെ പ്രാപിച്ചോരാത്മാ-
വെന്നോടു മന്ത്രിച്ചു പയ്യവേ
"താഴേക്ക്‌ പോരു വേഗ-
മല്ലെങ്കിലെന്നെപ്പോ-ലെപൈക്കിടങ്ങളിനിയും
നിനക്കായ്‌ജീവന്‍ ബലി നല്‍കും.

അല്ലെങ്കില്‍ നീയില്ലാത്തോരെട-
ത്തെനിക്കെന്തു ജീവിതം?
എന്റെ കണ്ണീരിന്‍ കുളിര്മയില്‍
നിന്നിലെ താപം ദ്രവീകരിക്കട്ടെ."

ആര്ദ്രതയാണെന്‍ സ്വത്വ-
മെന്നൊരു ബോധമുദിക്കവേ
സങ്കടപ്പെട്ടു ഞാനെല്ലാമേ വെടി-
ഞ്ഞിറങ്ങിത്തിരിച്ചതില്‍ പരിതപിച്ചു.
പ്രകാശരശ്മിതന്‍ ജ്വാലയെ
യതിജീവിക്കും ജലസാന്നിധ്യമായ്‌
ഞാനെന്നെത്തേടും
വരണ്ട മണ്ണില്‍ തിരിച്ചെത്തി

ഭൂമിക്ക് രോമാഞ്ചമായ്
പുല്ലുകള്‍ നാമ്പിട്ടു, തുമ്പകള്‍
ഭസ്മക്കുറിയണിഞ്ഞാത്മീയ
സാന്നിധ്യമായ്‌ മാറി

പെണ്‍കുഞ്ഞ്

മനസ്സിലെ കാട് മഴവെള്ളപ്പാച്ചിലിലൊലിച്ചുപോയി
പിന്നെ ഞാനെന്നോടായി ഒന്നും ചോദിച്ചില്ല.
എങ്കിലും ഞാന്‍ വല്ലാതെ മോഹിച്ചുപോയി.

കാണാതെപോയ പെണ്‍കുഞ്ഞിനെ
തേടിത്തളര്‍ന്ന കുരുവി എന്നെ തുറിച്ചു നോക്കി.
നിന്റെ മോഹം നിസ്വാര്‍ഥമല്ലേ എന്ന്
കുരുവി എന്നോട് മൂന്നാവര്‍ത്തി ചോദിച്ചു.

ഞാന്‍ പറഞ്ഞു,"അതേ,അതെ,അതേ".
കുരുവി പിന്നെയും എവിടൊക്കെയോ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ടായിരുന്നു.
അവളെന്നെ പിന്നെയും സംശയിക്കുന്നുവോ?

അവള്‍ക്കവളെ നിലനിര്‍ത്താന്‍
പെണ്‍കുഞ്ഞു തന്നെ വേണം.
ആ പെണ്‍കുഞ്ഞവളുടെ മോഹമായിരുന്നു.
അതോ, ദാഹമോ?
ക്രൂരത അവളെ നോക്കി കണ്ണിറുക്കി.
അവള്‍ ലജ്ജിച്ചുപോയി.
കാരുണ്യത്തിന്‍റെ ദേവതയെ ഞാന്‍
കട്ടെടുത്തെന്നപ്പോഴുമവള്‍ക്ക് തോന്നിയോ?

ഇല്ലെന്നു പറയുവാനെനിക്കായില്ല,
ഞാന്‍ മോഹിച്ചതതിനെത്തന്നെയായിരുന്നല്ലോ.

Tuesday, 15 October 2013

സാന്ത്വനം

വെളുത്ത പൂവിന്‍റെ ചന്തവും
ചുവന്ന പൂവിന്‍റെ സുഗന്ധവും 
എന്നിലേയ്ക്കിറങ്ങുമ്പോള്‍ 
രാത്രികള്‍ തേജോകിരണങ്ങള്‍ 
വിരിയിക്കും.
അരളിപ്പൂവ് മിഴി തുറക്കുമ്പോള്‍
സുഗന്ധം ദിവ്യമാകുന്നതുമറിയും.
എങ്കിലും 
വിട പറഞ്ഞുപോയ വനമുല്ല
എന്റെ ഓര്‍മകളെ താഴുകിയെത്തുംപോള്‍
ഞാനൊരു പ്രവാസിയെന്നുമറിയും.

ഗൃഹാതുരതയുടെ മടിയില്‍
ഒലിച്ചിറങ്ങിയ
എന്നിലെയെന്നെ
മറ്റാരും കാണാതെ
പാരിജാതത്തിന്റെ
പരാഗരേണുക്കള്‍ നെയ്ത
കമ്പിളി കൊണ്ടു പുതയ്ക്കും.

അഹം

പരമ പ്രധാനം പരമ പൂജ്യനാംഞാന്‍ 
അന്യരായുളേളാരോ ? കാണുന്നതില്ല ഞാന്‍.. .
ഓരോരുത്തനും ലോകമവനായ്‌ ഭവിക്കുന്നു.
കരുതാനില്ല മറ്റൊന്നും 
ഞാനെന്ന വാക്കിന്നു മുന്നിലായ്. 

ഞാനുണ്ടോ ലോകമെനിക്കുന്ടു
ഞാനില്ലേല്‍ ലോകമെനിക്കില്ല.

പിന്നെ, ഞാനില്ലാതെന്തു ലോകം?

പരസ്പരം പഴിചാരി കുറ്റം മറയ്ക്കവേ
കുറ്റങ്ങള്‍ കുറ്റത്തിന്‍ പിന്നാലെ പായവേ
തെറ്റുകള്‍ മായുന്നു.

ജീവിതമാഘോഷമായിമാറുന്നു.

സത്യം


ചരിത്രത്തിലേടുകള്‍ മാറിമറിയും
ഒന്നും കാണാതെ പോകരുത്.
കണ്ടുവെന്നാലോ?
പലതും കണ്ടില്ലെന്നു നടിക്കണം.
നടിക്കലൊരു കുറ്റമല്ലേ?
ആയിരിക്കാം. എങ്കിലും നടനമൊരു കലയല്ലേ?
കലയില്‍ തോല്‍വിയും ജയവുമില്ലേ?
അതിനാല്‍ നന്നായി നടിക്കണം

സത്യത്തെ മുറുകെപ്പിടിച്ചാല്‍
അവനു വേദനിക്കും.
അതിനാല്‍ അയച്ചു പിടിക്കണം.
അയഞ്ഞുകൊടുക്കയുമരുത്
അയഞ്ഞുവേന്നാലോ?
പിന്നെ നീയില്ല;
ഞാനില്ല; ഒന്നുമില്ല.

അന്നൊരു പ്രഭാതത്തില്‍

ആകാശഗംഗയുടെഓരത്തെപൊയ്കയില്‍
വിരിഞ്ഞ വെള്ളത്താമര
ഞെട്ടറ്റു താഴെ വീണു.
അതില്‍ നിന്നും ഒരു നൂറു 
കൊച്ചരിമുല്ലകള്‍ ജന്മംകൊണ്ടു.
അതെന്റെ കിനാക്കുഞ്ഞിന്റെ
പാല്‍പ്പല്ലുകളെ പുല്കിയുറങ്ങി.
നിലാമാലരിന്റെ നെയ്ത്തിരിവെട്ടത്തില്‍
അവന്റെ ചുണ്ടുകള്‍ വിടര്‍ന്നു.

പുതിയ പ്രഭാതം.

ദുര്‍മാര്‍ഗിയുടെ ഉച്ഛ്വാസക്കാറ്റേറ്റു
മരവിച്ച പാല്‍പ്പല്ലുകള്‍
പിന്നാലെയെത്തിയ വിടന്റെ
വിയര്‍പ്പിന്റെ ഗന്ധം തട്ടി
പാതാളത്തിലേക്ക് പാഞ്ഞു.

പുനര്‍ജന്മത്തിലത്
കൂര്‍ത്ത ദംഷ്ട്രകളായി
ദുര്‍മാര്‍ഗിയുടെയും വിടന്റെയും
ദേഹത്തിലാഞ്ഞുപതിച്ചു.;
ചീറ്റിത്തെറിച്ചുണ്ടായ
ചോരപ്പൂക്കളാല്‍
ആകാശത്തില്‍ കുംകുമം ചാലിച്ചു.

രക്ഷകര്‍


---------------
കോടികോടീശ്വരന്‍
ടെലിവിഷനഭിമുഖം നല്‍കുന്നു,
സഹായിപ്പന്‍ ഞാനെല്ലാരെയും.
സഹായം വാങ്ങുവാനാളില്ലാ-
തലഞ്ഞീടുന്നെളിയവനായ ഞാന്‍.

കാണികള്‍ കോരിത്തരിച്ചുപോയി

സമൂഹവിവാഹം സല്‍ക്കര്‍മ്മം
പക്ഷേയി‌ന്നൌദാര്യമായ്‌വേണ്ട
അപേക്ഷകരുമാശപോലായില്ല.

സല്ക്കര്‍മ്മിയചെലവിന്‍ മറവിലായ്
രക്ഷകാണുന്നുണ്ടാമുയരുന്ന
ചെലവിന്‍റെ കണക്കിലായ്‌...

മൂടുപടമാരാനും ചീന്തിയെറിഞ്ഞീടില്‍
കിട്ടില്ലവനൊരു രക്ഷയീദേശത്തില്‍.
............................................................

മറ്റൊരു സല്ക്കര്‍മ്മി;
യാദിവാസീരക്ഷകന്‍
ഉദ്ബുദ്ധരാക്കാന്‍
തിരക്കുകൂട്ടി (വിദ്യാര്‍പ്പണം
പാത്രമറിഞ്ഞിട്ടു വേണം.)

ജീവിതം മാറ്റിവച്ചാദിവാസിക്കൊപ്പം
തന്‍റെതാം മക്കളുമവരോടൊപ്പം,
വളരട്ടെയിന്നവര്‍ മറ്റൊന്നല്ലല്ലോ
യീശ്വരസൃഷ്ടികള്‍നാമെല്ലാരും.

പെട്ടുപോയ്‌ ചക്രത്തിന്‍ വ്യൂഹത്തില്‍
അഴിയെണ്ണീ......രക്ഷക-
നോര്‍ത്തിരുന്നീലന്നു്
വാദിയെ പ്രതിയാക്കും :
ധനികന്‍റെ നോട്ടുകള്‍,
ദേശത്തിന്‍ നായകര്‍---_
കര്‍മ്മഫലത്തിന്‍റെ
കീടജന്മങ്ങള്‍...-.
........................

സാക്ഷി



മൃതിപ്പെട്ട നിമിഷങ്ങളേ
നിങ്ങളാണ് സാക്ഷി.

കര്‍മത്തിന്‍റെയും കര്‍മവ്യഥയുടെയും
സാക്ഷിയിനി നിങ്ങള്‍ മാത്രം.

മാങ്കൊമ്പില്‍ പൂവുകള്‍
പ്രതീക്ഷയുണര്‍ത്തി;

കൊടുംകാറ്റിലാടിയുലഞ്ഞ്
കൊമ്പുകള്‍ മാത്രം ബാക്കിയായ്‌.
ശരീരങ്ങള്‍ ചാകാതെയും
വേനലിലുരുകാതെയും
ജീര്‍ണതയെ പ്രാപിച്ചു.
പാവന കാമനകള്‍
വഴിവിട്ട ചോദ്യത്തിനുത്തരമില്ലാതെ
ചിറകൊടിഞ്ഞു വീണു.

രാപ്പൂവുകളപ്പോഴും
പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഒരുപൂപ് പുഞ്ചിരി
നേര്‍മയുടേതുമാത്രമായ
പുതു പുഞ്ചിരി
അന്യഗ്രഹങ്ങളിലേക്ക്
ചേക്കേറാന്‍ വെമ്പി നിന്നു.