Wednesday, 16 October 2013

മഴ

സ്നേഹത്തിന്‍തീര്‍ഥം നദിയിലൂടൊഴുകി-
പ്പരന്നു നിമ്നമാംവീഥിയിലൂടെ
സാഗര നീലിമ തേടി,
കൈ വഴികളായ്‌ പിരി-
ഞ്ഞാര്‍ദ്രമാക്കീ തപ്തനിലങ്ങളെ
ഫലസമൃദ്ധമാക്‍കീ-
യൂഷരഭൂമിയെ. 

കുഷ്ഠ രോഗിതന്‍ മേനിയണു-
വിമുക്തമാം നിര്‍മലതയാര്‍ന്നു.

പാടിയാടിത്തിമിര്‍ത്തു-
ജന്മ കര്‍മ്മങ്ങളില്‍
സായൂജ്യം നേടി
വിശ്വ മാനവ സംസ്കാരത്തെ
നെഞ്ചേററി ലാളിച്ചും
സൂര്യ കിരണത്തെ മംഗളം ചെയ്തു,
മധുവിധുവിനാകാശത്തെയ്ക്കുയര്‍ന്നു
വെണ്‍മേഘമറപററി
രമിച്ചുനടന്നെപ്പൊഴോ
താഴേക്കു നോക്കി.

പൊള്ളുന്ന ഭൂമി,
യാചനാ ഹസ്തം നീട്ടി
മന്ത്രങ്ങളുരുവിട്ടു പയ്യിനെ-
യഗ്നിയില്‍ ഹോമിക്കിന്നു.
വിണ്ണിനെ പ്രാപിച്ചോരാത്മാ-
വെന്നോടു മന്ത്രിച്ചു പയ്യവേ
"താഴേക്ക്‌ പോരു വേഗ-
മല്ലെങ്കിലെന്നെപ്പോ-ലെപൈക്കിടങ്ങളിനിയും
നിനക്കായ്‌ജീവന്‍ ബലി നല്‍കും.

അല്ലെങ്കില്‍ നീയില്ലാത്തോരെട-
ത്തെനിക്കെന്തു ജീവിതം?
എന്റെ കണ്ണീരിന്‍ കുളിര്മയില്‍
നിന്നിലെ താപം ദ്രവീകരിക്കട്ടെ."

ആര്ദ്രതയാണെന്‍ സ്വത്വ-
മെന്നൊരു ബോധമുദിക്കവേ
സങ്കടപ്പെട്ടു ഞാനെല്ലാമേ വെടി-
ഞ്ഞിറങ്ങിത്തിരിച്ചതില്‍ പരിതപിച്ചു.
പ്രകാശരശ്മിതന്‍ ജ്വാലയെ
യതിജീവിക്കും ജലസാന്നിധ്യമായ്‌
ഞാനെന്നെത്തേടും
വരണ്ട മണ്ണില്‍ തിരിച്ചെത്തി

ഭൂമിക്ക് രോമാഞ്ചമായ്
പുല്ലുകള്‍ നാമ്പിട്ടു, തുമ്പകള്‍
ഭസ്മക്കുറിയണിഞ്ഞാത്മീയ
സാന്നിധ്യമായ്‌ മാറി

No comments:

Post a Comment