Saturday, 9 August 2014

കനല്‍`പെയ്തു തോരുമ്പോള്‍


കനല്‍ പെയ്യും കാലത്ത് വാടിയതെയുള്ളൂ
കരിഞ്ഞതില്ലൊരുന്നാളും തല്ലിയുടയ്ക്കാനരുതാത്ത
ചെറു സൂര്യ കണമുള്ളില്‍ മിന്നിത്തെളിയുന്നു.
ജ്വലിക്കാനുണരുന്നു ചവിട്ടിക്കടക്കുന്നു.

മറയാതെമറയുന്നു സ്വപ്നങ്ങളെന്കിലും
പുതുസ്വപ്ന നാമ്പുകളുള്ളില്‍ വിരിയുന്നു.
കനവുകളുടലാക്കിമാറ്റുവാന്‍ വെന്‍പുന്നൂ -...
വെങ്കിലുമറിയാതെപിന്നോട്ടു പായുന്നു.

പിളരുന്ന കരളിനെ തുന്നിച്ചേര്‍-
ത്തെങ്കിലും മുറിവുമൂടുമ്പോ-
ളറിയാത്ത വേദന പുറമേയ്ക്കു കാട്ടാതെ
പൊട്ടിച്ചിരിച്ചുള്ളില്‍ സൂര്യനെയുണര്‍ത്തുന്നു.

കനവിലും നിനവിലും മഞ്ഞലചാര്‍ത്തുന്നു.
കുളിരില്‍ നനയുന്നു കനലുംതവിയുന്നു.
സ്വപ്നത്തിന്‍ രേണുക്കളെങ്ങും നിറയുന്നു.
സ്വപ്നങ്ങള്‍ പൂക്കുന്നു കായ്ക്കുന്നു സദ്ഫലമൂട്ടുന്നു..

Friday, 8 August 2014

ദുര


ദുരയുടെ കൊടുങ്കാറ്റില്‍
ആടിയുലഞ്ഞ കെട്ടുവള്ളങ്ങള്‍
ജീവന്റെയാവസാന നാളം
കെടാതിരിക്കാന്‍
ഏകാന്തതയുടെ ഹൃദയതാളത്തില്‍
അഭയം പ്രാപിച്ചു.
അവിടെ സ്വപ്നങ്ങളില്ലാതെ
ചിന്തയില്ലാതെ
ഒന്നിനെയും ധ്യാനിക്കാതെ
ഏറെ നേരം .
എന്തൊക്കെയോ തകര്‍ന്നുടയുന്നു.
അകത്തോ പുറത്തോ
വിള്ളലുകള്‍ വീണത്?
ചേര്‍ത്തുവച്ചൊട്ടിക്കാനുള്ള പശ
ഒരു ശാസ്ത്രവും കണ്ടെത്തിയില്ല.
എല്ലാം എവിടെയോ
കെട്ടടങ്ങുംപോള്‍
ഒരുപിടി ചാരം മാത്രം
ആകാശത്ത്
അപ്പൂപ്പന്‍താടിയോടൊപ്പം.
തലമുറകള്‍ പിന്നിട്ടു
ഏവരെയും കൊതിപ്പിച്ച്
പിടിതരാതെ പറന്ന്
മരണവും ജനനവും
പലവുരുകണ്ടെങ്കിലും
ശുദ്ധതചൂടിയ വെള്ളത്താടി
മുത്തശിക്കഥകളില്‍
നിറഞ്ഞിരുന്നെങ്കിലും
കഥകേള്‍ക്കാന്‍
ബാല്യങ്ങളില്ലാതെ
ബാല്യത്തില്‍ കൌമാരവും
കൌമാരത്തില്‍ യൌവനവും
യൌവനത്തില്‍ അകാലനരയും
ചായം തേച്ചുകറുപ്പിച്ചതുമൂലം
മുത്തശിയും മുത്തശി-
ക്കഥകളുമില്ലാതെ
ആടയ്ക്കുചേരും
ലിപ്സ്ടിക്കും ക്യൂട്ടക്സും
ദുരയുടെ അലങ്കാരങ്ങളായി
മെല്ലെ അപ്പൂപ്പന്‍താടിയോടൊപ്പം
ഉള്‍ക്കനമില്ലാതെ പാറിനടന്നു

പ്രണയം



 ആലസ്യത്തിന്റെ മിഴിക്കോണില്‍
പ്രണയം ആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍മണാളനെകൂറോടെനോക്കി.
അവനോടൊപ്പം ചേര്‍ന്ന് നടന്നു.
കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി മാറി.

നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു....
കടിഞ്ഞൂല്‍ക്കുഞ്ഞിന് ജന്‍മമേകി.

പ്രണയം മെല്ലെ മറയുന്നുവോ?
മണാളന്റെ കണ്ണുകളില്‍ അഗ്നിയോ?
തേന്‍ നുകരാന്‍ വണ്ട്കള്‍ കൂടുന്നുവോ?
രാഗമേതോ വഴുക്കില്‍പ്പെട്ടുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനി തേടുന്നുവോ?

മണാളന്‍ നിന്നു കത്തി.
അവന്‍ സ്വയം ചാരമായി .

ചാരത്തെ നോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാകി.
അവനും പ്രേമം കൊണ്ട് ജ്വലിച്ചു.

കാലം കറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.
രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചു തണുപ്പിച്ചു.

ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളിനീക്കുന്നു പ്രണയം.

വാക്കുകളിങ്ങനെ



 അര്‍ഥങ്ങള്‍ വിതച്ചുകൊ-
ണ്ടാശയങ്ങള്‍കൊയ്യും
വാക്കുകള്‍, ആശതന്‍
കൂടകം പൊട്ടിത്തെറിപ്പി
ച്ചായുധമായ് മാറും വാക്ക്

നനുത്ത കുളിരൂറും വാക്ക്
പുതച്ചണുവിസ്ഫോടനം...
വിതയ്ക്കുന്ന വാക്ക്

കാരിരുംപിന്റെ ശക്തിയെ -
ക്കാറ്റില്‍പ്പറത്തും വാക്ക്

വരിഷ്ഠമാം വാക്കുകള്‍
ചാട്ടയായീടുംപോള്
കാടകം പൂക്കുന്ന
നേരിന്റെ സാധുവാംവാക്ക്.

ആഡംബരക്കുപ്പായ-
മണിന്ഞ്ഞെത്തും വാക്ക്
ചിതലരിക്കുവാന്‍
കാത്ത് നില്‍ക്കുന്ന വാക്ക്.

മുറിപ്പെടുത്തും വാക്ക്
മുറികെട്ടി സ്നേഹ
തൈലം പുരട്ടും വാക്ക്

വാക്കുകളിങ്ങനെ
നീണ്ടുപരന്നു,
ചക്രവാളത്തി
ന്നപ്പുറമെത്തവേ

വാക്ക് കേട്ട് കുളിര്‍ത്താദ്യം
മെല്ലെമെല്ലെ പൊയ് തെളിഞ്ഞു

വാക്കുകളിങ്ങനെ
കൊന്നുകൊല്ലിക്കുന്നു.
കാഞ്ഞിരക്കൈപ്പ്
തോറ്റു കൂപ്പ്കുത്തുന്നു.

കരതേടി

തുറമുഖം അകലെയാണ്
കപ്പലില്‍ ഓരോരുത്തരും
ഏകനാണ്.

വൈദ്യുതവിതാനങ്ങള്‍
ഉള്ളില്‍ പാഞ്ഞെത്തി
വിള്ളലുകള്‍ വീഴ്ത്തുന്നു.

ചില നേരം
വിള്ളലുകള്‍ മൂടിയേക്കാം,...
തുറമുഖമടുത്തേയ്ക്കാം
ചിലപ്പോള്‍
ചുഴിയില്‍ പെട്ടേയ്ക്കാം.

വീണ്ടു കീറിയ ചുണ്ടില്‍
കരിമഷി ഒഴുകിവീണ്
പാടുകള്‍ വീഴ്ത്തിയേക്കാം.

അപ്പോഴും കപ്പല്‍
ഒഴുകുകയാണ്.
ലക്ഷ്യമറിയാതെ
ഒന്നും കാണാത്ത കണ്ണ്
തുറന്നു പിടിച്ചങ്ങനെ
ഒഴുകുകയാണ്.

സ്നേഹജാലകം



 സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കാതോര്‍ക്കുക.
കേള്‍ക്കാം നെഞ്ച് വിങ്ങിയൊലിക്കുന്ന
ഭേരീനാദം.
സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കണ്ണേകുക...
കാണാം ഇമകള്‍ കുത്തിപ്പറിക്കുന്ന
ചാരു സ്വപ്നം
കാലത്തിന്‍ മുള്‍വേലി ചാടി-
ക്കടന്നീടില്‍
അറിയാം പൊട്ടിയ ചില്ലിന്റെ
സ്പര്‍ശ സുഖം.
ഗന്ധങ്ങള്‍ പൂക്കും പ്രമദവനങ്ങളില്‍
ഉന്‍മാദ നൃത്തത്തിന്‍ വായ്ക്കും
ലയഭേരി.
ജീഹ്വാഞ്ചലാത്തിലണിയാന്‍കൊതിക്കുകില്‍
തിലോദകത്തിന്റെ ഗീതകം.

നല്ല പാഠം



 ചിറകൊടിഞ്ഞ പക്ഷികള്‍..
ഒറ്റച്ചിറകുള്ള പക്ഷികള്‍ ...
എന്തോ എവിടെയോ
സ്പന്‍ദിക്കുന്നുണ്ട്.

സ്പന്ദനങ്ങള്‍ നിലക്കുന്നിടം
അംപിളിക്കല മാഞ്ഞുപോകും
സൂര്യന്‍ ചാരമാകും...
അതുകൊണ്ട് ..അതുകൊണ്ടുമാത്രം
സ്പന്ദിക്കാതിരിക്കാനാവില്ല

കാലൊടിഞ്ഞ പക്ഷി
നിലത്തിറങ്ങാതെ പറക്കുന്നു.
ചിറകറ്റ പക്ഷി
നിലത്തൂടെ നടക്കുന്നു.

നൊംപരങ്ങള്‍ സാക്ഷിയാകുന്നു
വിനയം വിനയാകുന്നു.
താഴ്ന്നപ്പോള്‍
വലവിരിച്ചു കാത്തിരുന്നവര്‍
അട്ടഹാസം മുഴക്കുന്നു.
കതിരോന്‍ കടലില്‍ ചാടി
ആത്മഹത്യക്കൊരുങ്ങുന്നു.
അംപിളിക്കാരണോരിപ്പുറംനീ-
ന്നെത്തിനോക്കുന്നു.

വിരല്‍ ചൂണ്ടി ശാസിക്കുന്നു.

"പരമമാമുന്നതി
താഴ്മയാലല്ലോ"

നമുക്ക് അഞ്ചുനേരം നിസ്കരിക്കാം





"ഞാനാരുമല്ലേ അള്ളാഹു
എനിക്കാരുമില്ലേ അള്ളാഹു
ഞാനൊന്നുമല്ലേ അള്ളാഹു
എനിക്കൊന്നുമില്ലേ അള്ളാഹു"

എന്നിലെയും നിന്നിലെയും അഹംഭാവം ...
എന്നേക്കുമായി ഇല്ലാതായിപ്പോകട്ടെ

വെളുക്കുംമുന്‍പെനീറ്റ്തണുത്ത ജലത്തില്‍ കുളിച്ച്
മെഴുകുതിരി തെളിച്ച് പ്രാര്‍ഥിക്കാം
പ്രകൃതിശക്തിയെ ആവാഹിച്ച
ബിംബത്തെ വണങ്ങാം

അന്യനെ സാന്ത്വനിപ്പിച്ച്
മുഖസ്തുതിയാല്‍ അപമാനിക്കാതെ
ആത്മപ്രശംസയ്ക്കായ്
അന്യനെ നിന്ദിക്കാതെ

ഉള്ളിലുള്ള ഈശ്വരനെ
എല്ലാറ്റിലും കണ്ട്
പ്രകൃതി തന്നെ ഈശ്വരന്‍
എന്നറിഞ്ഞു
എന്നിലെയും നിന്നിലെയും
അഹംഭാവം എന്നേയ്ക്കുമായി
ഇല്ലാതായിപ്പോകട്ടെ

സുഖം തേടി



 സന്ധ്യ സാന്ത്വനം പകര്‍ന്നു
ദലമര്‍മരം വീണമീട്ടി
മുളങ്കമ്പുകള്‍ തമ്മിലുരഞ്ഞു
മാനവനെ താരാട്ട് പാടിയുറക്കി

പൂവന്റെ ജാഗ്രതാശാസനംകേട്ട്
കാകന്‍റെയുണര്‍ത്തുപാട്ട്കേട്ട്
മയങ്ങിയുണര്‍ന്ന മാനവന്...
ഭൂമി ദാഹജലം സമ്മാനിച്ചു
നെല്‍വയലുകളും തോപ്പുകളും
കൈകോര്‍ത്ത്നിന്ന്പശിയകറ്റി

പേശികള്‍ക്കാശതന്‍ ശക്തി-
യെന്നൂറ്റത്താല്‍ തോപ്പുകള്‍
കുന്നുകള്‍ വെട്ടിനിരത്തി
പാടങ്ങള്‍ സമഭുവായും
സമരഭൂവായും,
കുളങ്ങള്‍ കല്‍ത്തൂനിന്നാസ്ഥാനമായും

പശിയും ദാഹവുമൂട്ടിവളര്‍ത്തി,
കാകനെ കവണയെറിഞ്ഞു
പൂവന്‍റെ കഴുത്തറുത്ത്ഭുജിച്ചു
സുഖമായുറങ്ങിയുണരാത്തവണ്ണം
ഇനി ദലമര്‍മരങ്ങളുടെസാന്ത്വനം വേണ്ട
മുളങ്കംപുകളുടെയീണവും വേണ്ട.

ഈ ഭൂമിയില്‍ ഞാന്‍ ......
ഞാന്‍...മാത്രം...
സുഖമായുറങ്ങട്ടെ.

അമ്മത്തൊട്ടില്‍



ആശ്വാസ വാക്കുകള്‍
അര്‍ത്ഥം തുളുംപുന്നൂ
ശ്വാസം കുളിര്‍പ്പിക്കും
കനവായി മാറുന്നു

അമ്മത്തൊട്ടിലില്‍
കൈകാലടിച്ചപ്പോള്‍...
ആരെയോ കാത്തിരു-
ന്നന്നുഞാനെങ്കിലും
ആരൊക്കെയോചേ-
റ്ന്നൂട്ടിവളര്‍ത്തിയെന്നാകിലു-
മൊരുമലരായ്ഞാന്‍
വിടര്‍ന്നീടവേ വെറുതെ-
യിന്നോര്‍ത്തുപോകുന്നു

ആരുടെതെറ്റിന്റെ
ഫലം ഞാന്‍ ഭുജിക്കുന്നു?

അമ്മതന്‍ ഔദാര്യമാകാം
ജീവനുണ്ടെനിക്കിന്നു-
മെന്നാകിലുംകാണുവാ-
നല്ലറിയുവാനാശയുന്ടേറെ-
പ്പഴകിയോരാക്കഥ

കഥയൊരുമാമരമായ്
ശാഖകള്‍ വിടര്‍ത്തിനിന്നാടുന്നു
ചില്ലകള്‍ തീര്‍ക്കുന്നു
കഥയുടെ ഭാഗങ്ങള്‍

പ്രമാണിപുത്രന്റെ കേളിയോ?
നല്‍ത്തറവാട്ടമ്മതന്‍
പ്രിയപുത്രികാട്ടിയ വികൃതിയോ?

ചതിപെട്ടതാകാം ഒരുവേള
കൈക്കൂലിയായെറിയപ്പെട്ടതോ?

പീടികത്തിണ്ണയില്‍
നനയാതുറങ്ങിയ
ഭ്രാന്തിതന്നുദരത്തില്‍
കാമവെറിയന്റെസമ്മാനമോ?

ഏതുമാകട്ടെയിന്നെന്‍
തറവാട്ടില്‍ ഞാനേകന-
ല്ലൊത്തിരിയുണ്ടല്ലോ
രാമഴരോദനം
സ്വന്തമായ്ത്തീര്‍ന്നവര്‍

ജീവിത വഞ്ചിയെ
കരയിലേയ്ക്കേറ്റുവാന്‍
സന്‍മനസ്സുള്ളവരുണ്ടിവിടെ
കാക്കുന്നു നോവറിയാതെ-
യെങ്കിലും നോവറിയാ-
തിരിക്കുവതെങ്ങനെ?

സമസ്യ



 നന്മയുടെ പാഠങ്ങള്‍ പൂത്തിരി കത്തിച്ച ചുണ്ടില്‍
പുഞ്ചിരി നിലാവ് തെളിമ ചാലിച്ച കണ്‍കോണില്‍
മൃദുലഭാവങ്ങളാടിത്തിമിര്‍ത്ത കവിളത്ത്
സാന്ത്വന സ്പര്‍ശം തുടികൊട്ടിയ വിരല്ത്തുംപില്‍

പുതഞ്ഞുകിടന്ന ചെന്‍തീയണയാതെകാത്തത്
ശരിയുടെ നാളത്തില്‍ തന്‍സ്വരംമാത്രം കേള്‍പ്പിച്ചത്
ഇത്തിരിപ്പോന്ന തെറ്റിന്റെയിഴകീറി രമിച്ചത്...

സ്വനീതിസ്ഥാപനത്തിന്നായോ
സ്വയം നീതിയെന്നൂറ്റംകൊള്ളലിന്നായോ

തായ് വേരുകള്‍ പറിച്ചെറിഞ്ഞു
പ്രതികാരദാഹത്താല്‍
തിന്‍മനീര്‍ കുടിച്ചു വറ്റിച്ചു
സ്വനീതിശാസ്ത്രമൂട്ടിയുറപ്പിച്ച
സത്വസ്ഥനീതിയെ
കൈവിലങ്ങണിയിച്ചു
ഇരുട്ടറയില്‍ത്തള്ളിയ-
തേതന്‍തിമശാന്തിക്കായി?

ലോകനീതി

ലോകനീതിയെവിടേയ്ക്കെ-
ന്നാരായുന്നു പാവം മാനവന്‍

പ്രഭുവിന്നിച്ഛയതൊന്നുമാത്ര-
ന്നുത്തരമരുളുന്നു ന്യായാധിപന്‍

എങ്കിലുംപകല്‍ വെളിച്ചത്തില്‍
പ്രഭുവെത്ര ലോലഹൃദയന്‍ വാഗ്മി -
യനാഥപ്രിയന്‍ സഹൃദയന്‍
ധര്‍മ കാംക്ഷി കര്‍മസാക്ഷി...
നീതി വിളമ്ബുന്നു ന്യായമൂട്ടുന്നു
പാവം മാനവനന്ധാളിച്ചീടുന്നു

ചീന്തിയെറിയുവാനുന്‍മീലനേത്രനായ
സാധുവാം മാനവനെത്തുംനേരത്തിന്നായ്
കാക്കുകയാണുനാമക്ഷമഹൃദയരായ്....

എങ്കിലും ക്ഷമിച്ചീടുകയെന്നരുളുന്ന-
തേതൊരുനീതി? നീതികേടിന്‍പര്യായമല്ലയോ?

ഉത്തരമരുളുക ലോകമേ നീ-
യറയ്ക്കാതെ മടിയാതെ ചൊല്ലീടുക.

യാത്ര

ജീവിതമിന്ന് വഴിയോര-
ത്തവല്‍ വില്‍ക്കുകയാണ്.

എങ്ങോട്ടോ പായുന്ന യാത്രികര്‍
ആരൊക്കെയോ
വില്‍പനക്കാരിക്ക് നേരെ
കണയക്കുന്നുണ്ട്.

അവള്‍ അവല്‍പ്പൊതിനീട്ടി.
ആരും വാങ്ങിയില്ല....

അവല്‍പ്പൊതിതലയില്‍
ചുമന്നു നടക്കവേ
മഴയില്‍ക്കുതിര്‍ന്നു
ഭാരം വര്‍ധിച്ച്
തളര്‍ന്നിരിക്കാനിടംതേടി.

ചുറ്റിനും കമ്പിക്കാലുകള്‍ മാത്രം.

ജീവിതവഴി പിന്നെയും
നീണ്ടുനീണ്ടുപോകുന്നു.

വിശ്രാന്തിയില്ലാതെ
ഭാരിച്ച ചുമടുമായി
നിരര്‍ധകമായി
പാദങ്ങള്‍ മുന്നോട്ടുവച്ച്
വഴിയിലെവിടെയോ
വീണുടയാന്‍
പിന്നെയും നടകൊള്ളുന്നു.

ലോകൈക ജീവി





മുറ്റത്തെ വേലിപ്പടര്‍പ്പിന്നരികെ
അത്തിപ്പഴം ചിതറിവീണു.
സന്ധ്യ മയങ്ങി വാവലുകള്‍
പറന്നെത്തി തീറ്റ തുടങ്ങി
നേരം പുലര്‍ന്നപ്പോള്‍ ചെറുകിളികള്‍
ചിലച്ചുംകൊണ്ടെത്തി.
ചില്ലകളില്‍മാറിമാറി പറന്നിരുന്നു....
ആ ശരത്കാലം അവയ്ക്ക്
പഴങ്ങള്‍ നീട്ടി.
അറിയാത്ത പറവയ്ക്ക്
വഴിതെളിക്കാനും
ചെറുകിളി മുന്നില്‍ത്തന്നെ.

കിളികള്‍ പാടിനൃത്തം വച്ചു.
തിന്നേണ്ടത് തിന്നു
തിന്നേണ്ടതു മാത്രം
വയര്‍ നിറയ്ക്കാന്‍മാത്രം.

കിളികളുടെ ഒന്നാം പാഠത്തില്‍
കുഞ്ഞിക്കിളി ചുണ്ടുകൊണ്ടും
നഖം കൊണ്ടും എഴുതിക്കളിച്ചു.

വയര്‍ നിറഞ്ഞാലും തിന്നുന്ന
ലോകൈകജീവി - മനുഷ്യന്‍.
വിരല്‍ത്തുമ്പ്തൊണ്ടയില്‍തിരുകി
ഛര്‍ദ്ദിച്ചുപിന്നെയും തിന്നുന്ന
ലോകൈകജീവി - മനുഷ്യന്‍
സഹജീവിക്കും സഹോദരനും
അന്നമേകാത്ത പിശുക്കനാം
ലോകൈകജീവി - മനുഷ്യന്‍