Friday, 6 December 2013

നൂറ്

കിളിമരച്ചില്ലയിലെ കുരുവിപ്പെണ്ണിനേ
കണ്ണീരൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.
പാരാവാരം പറഞ്ഞും ദീര്‍ഘനിശ്വാസമുതിര്‍ത്തും
അതിങ്ങനെ പിറുപിറുത്തോണ്ടിരുന്നു.

വെയിലത്തിരുന്നു പാടീട്ടല്ലെ ഞാന്‍ കറുത്തുപോയത്.
പാടീട്ടും പാടീട്ടും തൊണ്ട പൊട്ടാത്തതാരുടെകുറ്റം?
എന്‍റെ കെട്ട്യോനും കുട്ട്യോളും കൂട്ടുകാരും
വെയിലിലലഞ്ഞുപാടിപ്പാടി കറുകറുത്ത കുരുവിയായി.

ജനിച്ചപ്പോള്‍ വെളുവെളുത്ത മുട്ടയായിരുന്നു.
പിന്നെയാരോ മുട്ടപൊട്ടിച്ചു കറുപ്പ്തേച്ചുകുളിപ്പിച്ചു.
കറുപ്പിനേഴഴകെന്നു പാടിപ്പഠിപ്പിച്ചു.

ബാക്കി തൊണ്ണൂറ്റിമൂന്നാര്‍ക്കുള്ളതെന്ന്
കൊക്കാമ്മ പരിഹാസപ്പെട്ടിതുറന്നുവച്ചു.

അമ്മക്കുരുവി തലോടിക്കൊണ്ടുപറഞ്ഞു.
കറുപ്പിനെഴേയുള്ളെങ്കിലും പാട്ടിനു നൂറുണ്ടല്ലോ.

അഹം

ആഭൌമ സുഖദം വാല്‍സല്യം
വന്ദേഹമിഹ വാല്‍സല്യം

ധ്യാനാത്മകം ലോകമിത് ധന്യം
പൂര്‍ണ്ണം പുരുഷം വന്ദേഹം

അഹമിഹ സര്‍വം വ്യപൃതം
അഹമിഹ പരമാത്മാനം
പരമാത്മാനം വന്ദേഹം.

ഘനമിഹ നാസ്തിയാകുമീദേഹം
അഹമിഹ നാസ്തിയെന്നോര്‍ത്തീടില്‍.

പഞ്ചഭൂതാത്മകം ദേഹം
പഞ്ചഭൂതം സമര്‍പ്പയാമി.

ബ്രഹ്മമയമാത്മാംശം പര-
മാത്മചൈതന്യം സമര്‍പ്പയാമി.

ആത്മാഭിമാനമഹംബോധോത്ഭൂതം
അഹമിഹ ന: ത്വമിഹ ന:

........................................
മുഖപടങ്ങള്‍ വലിച്ചെറിഞ്ഞീടില്‍
അഭിമാനി ദുരഭിമാനിയാകുന്നകാണാം
ദുരഭിമാനമഹംബോധത്തിന്‍ ശേഷിപത്രം.

............................................................................

ചൂണ്ട

മത്സ്യത്തിന്റെ ഞെവിളയില്‍
വളഞ്ഞുകൊരുത്തൊരാ
ചൂണ്ടതന്‍ കമ്പിക്കൈ
പുലമ്പുന്നു പുരാവൃത്തം.

മുക്കുവപ്പയ്യനെന്നഗ്രം
വളച്ചൊരു ചെറുമീനെ
കോര്‍ത്തിട്ടു കായലിന്‍ നടുവില്‍.

തുള്ളിക്കളിച്ചുകൊണ്ടോടി
വരുന്നുണ്ട് ചെറുതും
വലുതുമായ് മീനുകളൊരുകൂട്ടം.

കൂട്ടത്തില്‍ കേമനോട്ടത്തി-
ലൊന്നാമനായ് വായ്-
തുറന്നാര്‍ത്തുചിരിച്ചുംകൊണ്ടേ

അവനുടെ പെണ്ണുങ്ങള്‍
കുഞ്ഞുങ്ങളും പിന്നാലെയെത്തുന്നു.
കൊതിയോടെ നോക്കുന്നു.

വാലാട്ടി പിറകോട്ടു നോക്കുന്നു
പുഞ്ചിരി തൂകുന്നു നില്ലുനി-
ല്ലിനിയിങ്ങോട്ടോടിടല്ലേ.

ജീവനില്ലാത്തൊരീയിര-
യൊരുവേള കെണിയായിടാം.
ദുഷ്ടുള്ളോരല്ലയോമാനവജാതികള്‍
പൊയ്യേതുമുണ്ടെങ്കില്‍.. . . .,
നോക്കിടാം ഞാന്‍..

നിങ്ങളീയബ്ധിയില്‍ വാഴുവി-
നേറെക്കാലമെത്തിപ്പെടൊല്ലേ
മാനവബാഹുവില്‍.

അമ്മപെങ്ങന്മാരെയു-
മോമനക്കുഞ്ഞിനെയും
കണ്ടാലറിയില്ലീ മാനവജാതികള്‍
പിന്നെയല്ലോ ജലവാസികള്‍ നമ്മള്‍

ഏതിനും നോക്കട്ടെ
ഞാനിന്നീയിരയെ
ജീവനില്ലാത്തൊരീചെറുമീനിനെ

എന്‍ ഞെവിളയിലുടക്കി
കൊരുത്തു കേറുമീ
വളഞ്ഞ കമ്പിയെ കണ്ടറിഞ്ഞീടുവിന്‍

എന്‍ കുഞ്ഞുമക്കളെയെന്‍
പെണ്‍പിറന്നോരെ-
ഞാനിതു ചെയ്തില്ലേല്‍
നാളെ നിങ്ങള്‍
ഇത്തരമൊരുനൂറു
ചൂണ്ടയില്‍ കുരുങ്ങീടുംനിങ്ങള്‍ക്കിതൊരു
പാഠമായിടട്ടെ.

ആഞ്ഞു പിടിച്ചിതാ കാരണവര്‍
ചൂണ്ടയില്‍ കൊരുത്തൊരു ചെറുമീനിനെ
പറ്റിപ്പോയതല്ലല്ലോ
മക്കളെ പെംപ്രന്നോരെ
രക്ഷിക്കുവാനല്ലോപിടഞ്ഞുയര്‍ന്നു.

ഉയരുംനേരമാക്കണ്ണുകള്‍നിറയുന്നു.
പരതുന്നു ചുറ്റിലും
മക്കളെ പെണ്‍പിറന്നോരെ
യാത്രയാകുന്നു ഞാന്‍.

ഒടുക്കം

പഴമ്പുരാണം പറഞ്ഞുതീര്‍ത്ത
കോടിപ്പോയ ചുണ്ടുകള്‍
ചിരിക്കാന്‍ മറന്നു.

പഴമ കണ്ടു കൊതിതീരാത്ത കണ്ണുകള്‍
പുതുമയുടെ താണ്ഡവം മടുത്തു-
തിമിരം പുതച്ചു മയങ്ങി.

പുഴുങ്ങല്ലരിയുടെയും പുതുമഴയുടെയും
ചിമ്മിനി നാളത്തിന്‍റെയും
മെതിക്കുന്ന കറ്റയുടെയും
ഉണങ്ങിയ കച്ചിയുടെയും
ഗന്ധംഏറ്റുവാങ്ങിയ നാസിക
ചാക്കരിയുടെ ഗന്ധംവഹിക്കാനറച്ചു.

കാലത്തിന്‍റെ കോലംതുള്ളല്‍
പലതും കണ്ടു , കയ്പ്പിനെ
പുളിപ്പും മധുരവുമാക്കാന്‍
ശീലിച്ച പഴമനസ്സ്,
ഒച്ചയുണ്ടാക്കാതെയാര്‍ക്കും
ശല്യമാകാതെ
ഒരുമൂലയ്ക്ക് വടിയുംകുത്തി
ചാരിയിരുന്നു.

അകലെയേതോദിക്കില്‍നിന്നും
തന്നെ തെരഞ്ഞെത്തുന്ന
അഭൌമ ശക്തിയെ
ആശ്ലേഷിക്കാന്‍ വെമ്പി.