Saturday, 9 August 2014

കനല്‍`പെയ്തു തോരുമ്പോള്‍


കനല്‍ പെയ്യും കാലത്ത് വാടിയതെയുള്ളൂ
കരിഞ്ഞതില്ലൊരുന്നാളും തല്ലിയുടയ്ക്കാനരുതാത്ത
ചെറു സൂര്യ കണമുള്ളില്‍ മിന്നിത്തെളിയുന്നു.
ജ്വലിക്കാനുണരുന്നു ചവിട്ടിക്കടക്കുന്നു.

മറയാതെമറയുന്നു സ്വപ്നങ്ങളെന്കിലും
പുതുസ്വപ്ന നാമ്പുകളുള്ളില്‍ വിരിയുന്നു.
കനവുകളുടലാക്കിമാറ്റുവാന്‍ വെന്‍പുന്നൂ -...
വെങ്കിലുമറിയാതെപിന്നോട്ടു പായുന്നു.

പിളരുന്ന കരളിനെ തുന്നിച്ചേര്‍-
ത്തെങ്കിലും മുറിവുമൂടുമ്പോ-
ളറിയാത്ത വേദന പുറമേയ്ക്കു കാട്ടാതെ
പൊട്ടിച്ചിരിച്ചുള്ളില്‍ സൂര്യനെയുണര്‍ത്തുന്നു.

കനവിലും നിനവിലും മഞ്ഞലചാര്‍ത്തുന്നു.
കുളിരില്‍ നനയുന്നു കനലുംതവിയുന്നു.
സ്വപ്നത്തിന്‍ രേണുക്കളെങ്ങും നിറയുന്നു.
സ്വപ്നങ്ങള്‍ പൂക്കുന്നു കായ്ക്കുന്നു സദ്ഫലമൂട്ടുന്നു..

Friday, 8 August 2014

ദുര


ദുരയുടെ കൊടുങ്കാറ്റില്‍
ആടിയുലഞ്ഞ കെട്ടുവള്ളങ്ങള്‍
ജീവന്റെയാവസാന നാളം
കെടാതിരിക്കാന്‍
ഏകാന്തതയുടെ ഹൃദയതാളത്തില്‍
അഭയം പ്രാപിച്ചു.
അവിടെ സ്വപ്നങ്ങളില്ലാതെ
ചിന്തയില്ലാതെ
ഒന്നിനെയും ധ്യാനിക്കാതെ
ഏറെ നേരം .
എന്തൊക്കെയോ തകര്‍ന്നുടയുന്നു.
അകത്തോ പുറത്തോ
വിള്ളലുകള്‍ വീണത്?
ചേര്‍ത്തുവച്ചൊട്ടിക്കാനുള്ള പശ
ഒരു ശാസ്ത്രവും കണ്ടെത്തിയില്ല.
എല്ലാം എവിടെയോ
കെട്ടടങ്ങുംപോള്‍
ഒരുപിടി ചാരം മാത്രം
ആകാശത്ത്
അപ്പൂപ്പന്‍താടിയോടൊപ്പം.
തലമുറകള്‍ പിന്നിട്ടു
ഏവരെയും കൊതിപ്പിച്ച്
പിടിതരാതെ പറന്ന്
മരണവും ജനനവും
പലവുരുകണ്ടെങ്കിലും
ശുദ്ധതചൂടിയ വെള്ളത്താടി
മുത്തശിക്കഥകളില്‍
നിറഞ്ഞിരുന്നെങ്കിലും
കഥകേള്‍ക്കാന്‍
ബാല്യങ്ങളില്ലാതെ
ബാല്യത്തില്‍ കൌമാരവും
കൌമാരത്തില്‍ യൌവനവും
യൌവനത്തില്‍ അകാലനരയും
ചായം തേച്ചുകറുപ്പിച്ചതുമൂലം
മുത്തശിയും മുത്തശി-
ക്കഥകളുമില്ലാതെ
ആടയ്ക്കുചേരും
ലിപ്സ്ടിക്കും ക്യൂട്ടക്സും
ദുരയുടെ അലങ്കാരങ്ങളായി
മെല്ലെ അപ്പൂപ്പന്‍താടിയോടൊപ്പം
ഉള്‍ക്കനമില്ലാതെ പാറിനടന്നു

പ്രണയം



 ആലസ്യത്തിന്റെ മിഴിക്കോണില്‍
പ്രണയം ആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍മണാളനെകൂറോടെനോക്കി.
അവനോടൊപ്പം ചേര്‍ന്ന് നടന്നു.
കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി മാറി.

നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു....
കടിഞ്ഞൂല്‍ക്കുഞ്ഞിന് ജന്‍മമേകി.

പ്രണയം മെല്ലെ മറയുന്നുവോ?
മണാളന്റെ കണ്ണുകളില്‍ അഗ്നിയോ?
തേന്‍ നുകരാന്‍ വണ്ട്കള്‍ കൂടുന്നുവോ?
രാഗമേതോ വഴുക്കില്‍പ്പെട്ടുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനി തേടുന്നുവോ?

മണാളന്‍ നിന്നു കത്തി.
അവന്‍ സ്വയം ചാരമായി .

ചാരത്തെ നോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാകി.
അവനും പ്രേമം കൊണ്ട് ജ്വലിച്ചു.

കാലം കറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.
രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചു തണുപ്പിച്ചു.

ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളിനീക്കുന്നു പ്രണയം.

വാക്കുകളിങ്ങനെ



 അര്‍ഥങ്ങള്‍ വിതച്ചുകൊ-
ണ്ടാശയങ്ങള്‍കൊയ്യും
വാക്കുകള്‍, ആശതന്‍
കൂടകം പൊട്ടിത്തെറിപ്പി
ച്ചായുധമായ് മാറും വാക്ക്

നനുത്ത കുളിരൂറും വാക്ക്
പുതച്ചണുവിസ്ഫോടനം...
വിതയ്ക്കുന്ന വാക്ക്

കാരിരുംപിന്റെ ശക്തിയെ -
ക്കാറ്റില്‍പ്പറത്തും വാക്ക്

വരിഷ്ഠമാം വാക്കുകള്‍
ചാട്ടയായീടുംപോള്
കാടകം പൂക്കുന്ന
നേരിന്റെ സാധുവാംവാക്ക്.

ആഡംബരക്കുപ്പായ-
മണിന്ഞ്ഞെത്തും വാക്ക്
ചിതലരിക്കുവാന്‍
കാത്ത് നില്‍ക്കുന്ന വാക്ക്.

മുറിപ്പെടുത്തും വാക്ക്
മുറികെട്ടി സ്നേഹ
തൈലം പുരട്ടും വാക്ക്

വാക്കുകളിങ്ങനെ
നീണ്ടുപരന്നു,
ചക്രവാളത്തി
ന്നപ്പുറമെത്തവേ

വാക്ക് കേട്ട് കുളിര്‍ത്താദ്യം
മെല്ലെമെല്ലെ പൊയ് തെളിഞ്ഞു

വാക്കുകളിങ്ങനെ
കൊന്നുകൊല്ലിക്കുന്നു.
കാഞ്ഞിരക്കൈപ്പ്
തോറ്റു കൂപ്പ്കുത്തുന്നു.

കരതേടി

തുറമുഖം അകലെയാണ്
കപ്പലില്‍ ഓരോരുത്തരും
ഏകനാണ്.

വൈദ്യുതവിതാനങ്ങള്‍
ഉള്ളില്‍ പാഞ്ഞെത്തി
വിള്ളലുകള്‍ വീഴ്ത്തുന്നു.

ചില നേരം
വിള്ളലുകള്‍ മൂടിയേക്കാം,...
തുറമുഖമടുത്തേയ്ക്കാം
ചിലപ്പോള്‍
ചുഴിയില്‍ പെട്ടേയ്ക്കാം.

വീണ്ടു കീറിയ ചുണ്ടില്‍
കരിമഷി ഒഴുകിവീണ്
പാടുകള്‍ വീഴ്ത്തിയേക്കാം.

അപ്പോഴും കപ്പല്‍
ഒഴുകുകയാണ്.
ലക്ഷ്യമറിയാതെ
ഒന്നും കാണാത്ത കണ്ണ്
തുറന്നു പിടിച്ചങ്ങനെ
ഒഴുകുകയാണ്.

സ്നേഹജാലകം



 സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കാതോര്‍ക്കുക.
കേള്‍ക്കാം നെഞ്ച് വിങ്ങിയൊലിക്കുന്ന
ഭേരീനാദം.
സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കണ്ണേകുക...
കാണാം ഇമകള്‍ കുത്തിപ്പറിക്കുന്ന
ചാരു സ്വപ്നം
കാലത്തിന്‍ മുള്‍വേലി ചാടി-
ക്കടന്നീടില്‍
അറിയാം പൊട്ടിയ ചില്ലിന്റെ
സ്പര്‍ശ സുഖം.
ഗന്ധങ്ങള്‍ പൂക്കും പ്രമദവനങ്ങളില്‍
ഉന്‍മാദ നൃത്തത്തിന്‍ വായ്ക്കും
ലയഭേരി.
ജീഹ്വാഞ്ചലാത്തിലണിയാന്‍കൊതിക്കുകില്‍
തിലോദകത്തിന്റെ ഗീതകം.

നല്ല പാഠം



 ചിറകൊടിഞ്ഞ പക്ഷികള്‍..
ഒറ്റച്ചിറകുള്ള പക്ഷികള്‍ ...
എന്തോ എവിടെയോ
സ്പന്‍ദിക്കുന്നുണ്ട്.

സ്പന്ദനങ്ങള്‍ നിലക്കുന്നിടം
അംപിളിക്കല മാഞ്ഞുപോകും
സൂര്യന്‍ ചാരമാകും...
അതുകൊണ്ട് ..അതുകൊണ്ടുമാത്രം
സ്പന്ദിക്കാതിരിക്കാനാവില്ല

കാലൊടിഞ്ഞ പക്ഷി
നിലത്തിറങ്ങാതെ പറക്കുന്നു.
ചിറകറ്റ പക്ഷി
നിലത്തൂടെ നടക്കുന്നു.

നൊംപരങ്ങള്‍ സാക്ഷിയാകുന്നു
വിനയം വിനയാകുന്നു.
താഴ്ന്നപ്പോള്‍
വലവിരിച്ചു കാത്തിരുന്നവര്‍
അട്ടഹാസം മുഴക്കുന്നു.
കതിരോന്‍ കടലില്‍ ചാടി
ആത്മഹത്യക്കൊരുങ്ങുന്നു.
അംപിളിക്കാരണോരിപ്പുറംനീ-
ന്നെത്തിനോക്കുന്നു.

വിരല്‍ ചൂണ്ടി ശാസിക്കുന്നു.

"പരമമാമുന്നതി
താഴ്മയാലല്ലോ"