Friday, 6 December 2013

ഒടുക്കം

പഴമ്പുരാണം പറഞ്ഞുതീര്‍ത്ത
കോടിപ്പോയ ചുണ്ടുകള്‍
ചിരിക്കാന്‍ മറന്നു.

പഴമ കണ്ടു കൊതിതീരാത്ത കണ്ണുകള്‍
പുതുമയുടെ താണ്ഡവം മടുത്തു-
തിമിരം പുതച്ചു മയങ്ങി.

പുഴുങ്ങല്ലരിയുടെയും പുതുമഴയുടെയും
ചിമ്മിനി നാളത്തിന്‍റെയും
മെതിക്കുന്ന കറ്റയുടെയും
ഉണങ്ങിയ കച്ചിയുടെയും
ഗന്ധംഏറ്റുവാങ്ങിയ നാസിക
ചാക്കരിയുടെ ഗന്ധംവഹിക്കാനറച്ചു.

കാലത്തിന്‍റെ കോലംതുള്ളല്‍
പലതും കണ്ടു , കയ്പ്പിനെ
പുളിപ്പും മധുരവുമാക്കാന്‍
ശീലിച്ച പഴമനസ്സ്,
ഒച്ചയുണ്ടാക്കാതെയാര്‍ക്കും
ശല്യമാകാതെ
ഒരുമൂലയ്ക്ക് വടിയുംകുത്തി
ചാരിയിരുന്നു.

അകലെയേതോദിക്കില്‍നിന്നും
തന്നെ തെരഞ്ഞെത്തുന്ന
അഭൌമ ശക്തിയെ
ആശ്ലേഷിക്കാന്‍ വെമ്പി.

No comments:

Post a Comment